നൌകരി
തലേന്ന് ബസ്സില്‍ വന്ന ക്ഷീണം മുഴുവന്‍ ശ്യാമിന്റെ റൂമില്‍ ഉറങ്ങി തീര്‍ത്തു , കുളിച്ചൊരുങ്ങിയാണ് ഒബെരോണില് പോയത് .. അവള് തന്നെ കാത്തു അവിടെ നില്പുണ്ടായിരുന്നു .. എന്റെ പെണ്ണ് !! ത്ഫൂ .. അതൊക്കെ എപ്പോഴാണ് ഉണ്ടായത് ??
ജീവിതത്തില്‍ ഇതുവരെ പ്രണയം ഉണ്ടായിട്ടില്ലാ .. സ്ത്രീകളെ എന്നും ഒഴിവാക്കി നടന്നിട്ടേ ഉള്ളൂ .. റൂമില്‍ ഓരോരുത്തരും ഓരോ പെണ്ണിനേം സെറ്റ് ചെയ്തു മൊബൈലിന്റെ ചാര്‍ജ് കളഞ്ഞു നടന്ന നേരത്തെല്ലാം താന്‍ മിസ്റ്റര്‍ കേരളയായി മസിലും പെരുപിച്ചു നടക്കുക ആയിരുന്നല്ലോ !!ഒലിപിച്ചു നടക്കാന്‍ നാണം ഇല്ലെടാന്നും ചോദിച്ചു എത്ര വട്ടം കളിയാക്കിയിരിക്കുന്നു അവരെയൊക്കെ !! അതൊക്കെ ഓര്‍ക്കുമ്പോഴാ ! താന്‍ ഇങ്ങനെ ഒരു കുരുക്കില്‍ ചെന്ന് പെടുമെന്ന് എപ്പോഴെങ്കിലും കരുതിയോ ??
ചാച്ചന്റെ കല്യാണത്തിന് അടൂര്‍ പോയതാണ് എല്ലാ കുഴപ്പത്തിനും കാരണം .. അല്ലെങ്കില്‍ താന്‍ ഇവളെ കാണുകപോലും ഇല്ലാര്‍ന്നു .. ചാച്ചന്റെ ഭാര്യടെ കസിന് !! പൂവിന്റെ പേരില്‍ പൂപോലെ എന്‍ നെഞ്ചില്‍ കുടിയിരുന്നവള്‍ .. അന്ന് താന്‍ പ്രണയം അറിഞ്ഞു ..
ഒബെരോണിലെ കൂടി കാഴ്ചക്ക് ശേഷം അവളെയും കൂട്ടി ബൈക്കില്‍ ഒരു നഗര പ്രദക്ഷിണം .. ഒരു മൂവി .. എല്ലാം കഴിഞ്ഞപ്പോ ഒരുമ്മയും തന്നു അവള് പറഞ്ഞു , ” ഇപ്പൊ പോയാലെ വൈകിട്ടാവുമ്പോഴെക്കെങ്കിലും വീട്ടില്‍ എത്തൂ ” അവളെ വിട്ടു പോരാന്‍ തോന്നിയില്ല ..
പക്ഷെ എല്ലാം ചില മണിക്കൂറിനുള്ളില്‍ തകിടം മറിയുമെന്നു ആരറിഞ്ഞു !! വീട്ടില്‍ പിടിച്ചെന്നും പറഞ്ഞു അവള് അയച്ച മെസ്സേജ് കണ്ടു ഞെട്ടി നിക്കുമ്പോഴാണ് വീട്ടില്‍ നിന്നും പപ്പാ വിളിച്ചു ഈ കാര്യവും പറഞ്ഞു തെറി വിളിച്ചത് . ഇനി വീട്ടിലോട്ടും പോകാന്‍ പറ്റില്ല !!
ഇനിയെന്ത് ??
ചോദ്യചിഹ്നങ്ങള്‍ തലയില്‍ പയറ്റു തുടങ്ങിയപ്പോള്‍ അവന് ഒട്ടും സമയം കളയാണ്ട് നൌകരി ഡോട്ട് കോം ഇല് ജോലി തപ്പാന്‍ തുടങ്ങി !!