ഹൗസ് ഓണര്‍
അപ്പന്‍ ബാംഗ്ലൂര്‍ക്ക് വരുന്നുണ്ടെന്നു കേട്ടപ്പോ തന്നെ സോജന്റെ നെഞ്ചൊന്നു കാളി ! അപ്പന്‍ വന്നാല്‍ ഇന്നത്തോടെ തന്റെ ഇവിടത്തെ പഠിത്തവും നിര്‍ത്തി വീട്ടിലേക് വണ്ടി കയറ്റുമെന്നു അവനു ഉറപ്പായിരുന്നു ..
സോജന്‍ അപ്പന്റെ നമ്പര്‍ ഡയല്‍ ചെയ്തു . ” നീ ടൌണിലേക്ക് വരികയോന്നും വേണ്ട , കണ്ഫ്യൂഷന്‍ ആകും , അതോണ്ട് ഞാന്‍ നിന്നെ അവിടെ വന്നു കണ്ടോളാം . ”
ഇനി ഹൌസ് ഓണര്‍ എങ്ങാനും അപ്പനെ വിളിച്ചു കാണുമോ ? ഇന്നലെ നടന്ന കാര്യങ്ങള്‍ ഒക്കെ അപ്പന്‍ അറിഞ്ഞു കാണുമോ ? സോജന് ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല !! ഇന്നലെ നടന്ന കാര്യങ്ങള്‍ എങ്ങാനും വീട്ടില്‍ അറിഞ്ഞാല്‍ പിന്നെ തീര്‍ന്നു !!
ഏകവും വിരസവുമായ ഒരു ദിനം കൂടി അസ്തമയ സൂര്യന്റെ ചെഞ്ചോരയില്‍ മുങ്ങി കുളിച്ചു നിക്കുമ്പോഴാണ് ” അളിയാ വല്ലാത്ത ദാഹം , നമുക്ക് പോയി ഒരു ബിയര്‍ അടിക്കാം ” എന്നും പറഞ്ഞു സജിത്ത് വിളിക്കുന്നത് . അവന്റെ കൂടെ പോയി രണ്ടു ബിയര്‍ അടിച്ചു റൂമില്‍ എത്തുമ്പോ അതാ ,അവിടെ എല്ലാരും കൂടി ഒരു ഫുള്ളും വെച്ച് ഇരിക്കുന്നു .. നോക്കി നിന്നില്ല അതും വലിച്ചു കേറ്റി . പോരാന്നു വന്നപ്പോ വീണ്ടും വാങ്ങിച്ചു അടിച്ചു !!
എല്ലാരും നല്ല ഫോമില്‍ !! ഒരുത്തനും കാലു നിലത്തു ഉറക്കുന്നില്ല ! സംസാരം ഉയര്‍ന്നതും ചിരി മുഴങ്ങിയതും പാട്ടിന്റെ ഒച്ച കൂടിയതുമോന്നും ആരും അറിഞ്ഞില്ല .. അയല്പക്കതുള്ളവര്‍ വന്നു കമ്പ്ലൈന്റ്റ് ചെയ്തപ്പോ ആണ് ഹൌസ് ഓണര്‍ രംഗ പ്രവേശനം ചെയ്യുന്നത് . പിന്നെ അവിടെ കന്നഡ സിനിമയുടെ ട്രെയിലര്‍ ഉം പ്രീമിയര്‍ ഉം ഒക്കെ ആയിരുന്നു .
ആര്‍ക്കും ഒന്നും മനസ്സിലായില്ല . അല്ല , മനസ്സിലാക്കാന്‍ പറ്റുന്ന ഒരു അവസ്ഥയില്‍ ആയിരുന്നില്ലല്ലോ ആരും , പക്ഷെ ഓണര്‍ പറഞ്ഞിട്ട് പോയതിന്റെ അവസാനം ഇനി ഇങ്ങനെ ഒന്നുണ്ടായാല്‍ പിന്നെ വേറെ വീട് നോക്കിക്കോ എന്നാണെന്ന് സോജന് മനസ്സിലായി !!
സോജന്റെ മൊബൈല്‍ റിംഗ് ചെയ്തു , അപ്പന്‍ ആണ് ” മക്കളേ , നമ്മടെ വടക്കേതിലെ ത്രേസ്യ ചേട്ടത്തി മരിച്ചു ,
ഞാന്‍ വരത്തുണ്ടാവില്ല . ”
സോജന്‍ മേപ്പോട്ടു നോക്കി കര്‍ത്താവിനോടു നന്ദി പറഞ്ഞു .