വൃദ്ധ
ഇടിവെട്ടി മഴ പെയ്ത ഒരു നവംബര്‍ രാത്രിയില്‍ ആണ് അവരെ ആദ്യമായി കാണുന്നത് .. ETC യുടെ വരാന്തയില്‍ ഇടയ്ക്കിടെ വന്നു പോകുന്ന ഇടിയെ പേടിച്ചു ചുരുണ്ട് കൂടിയ നിലയില്‍ .. മുന്നിലെ തെരുവ് വിളക്കില്‍ നിന്നുള്ള വെളിച്ചം അവരുടെ മുഖത്ത് ചെന്ന് വീഴുകയും അവരത് കണ്ണില്‍ പെടാണ്ടിരിക്കാന്‍ കയ്യെടുത്ത് കണ്ണിനു മുകളില്‍ വെക്കുകയും ചെയ്തിരുന്നു .. മുഷിഞ്ഞൊരു സാരിയില്‍ ശരീരത്തെ കുത്തി നോവിക്കുന്ന തണുപ്പിനെ അകറ്റാന്‍ പാടുപെടുന്നുണ്ടായിരുന്നു ആ പാവം ..
പിന്നെ പലവട്ടം കണ്ടപ്പോഴും വേഷം അത് തന്നെ ആയിരുന്നു .. ചുളിവു വീണ മുഖവും കുഴിഞ്ഞു അകത്തു പോയ കണ്ണുകളും ആയിരുന്നു അവര്‍ക്ക് . കയ്യില്‍ എന്നുമൊരു ഭാണ്ഡം ഉണ്ടായിരുന്നു .. ഞാന്‍ ചെന്ന് സംസാരിച്ചു , അവര്‍ തിരിച്ചൊന്നും പറഞ്ഞില്ല , കുറെ നേരം എന്നെ തന്നെ നോക്കി നിന്നു .. പിന്നെ ആ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് ഞാന്‍ കണ്ടു .. അവര്‍ ഒന്നും പറഞ്ഞില്ല .. ഓര്‍മ്മകളുടെ മുഷിഞ്ഞ ഭാണ്ഡം നെഞ്ചോടടുക്കി അവര്‍ നടന്നു പോയി .. തിരിഞ്ഞൊന്നു നോക്കുക പോലും ചെയ്യാതെ ..