മോര്‍ച്ചറി
മോര്‍ച്ചറിക്ക് മുന്നിലെ ബള്‍ബ് അണഞ്ഞും തെളിഞ്ഞും ഇരുന്നു .. പകല്‍ ആയിരുന്നിട്ടും അവിടം ആകെ ഇരുണ്ടു കിടന്നു .. ഗോവിന്ദ് വാച്ചില്‍ നോക്കി .. സമയം മൂന്ന് ആയതേ ഉള്ളൂ .. കറുത്തിരുണ്ട മേഘങ്ങള്‍ പകലിന്‍ ഒരു രാത്രി തീര്‍ത്തിരിക്കുന്നു .. ചുറ്റും അലിഞ്ഞു ചേര്‍ന്നിരിക്കുന്ന നിശബ്ദതയും , ഇരുട്ടും രംഗത്തിനു കൂടുതല്‍ ഭീകരത കൊടുക്കുന്നതായ് അവനു തോന്നി ..
അവന്‍ കൈകളില്‍ ഭാരം കൊടുത്തിരുന്ന തലയൊന്നു ഉയര്‍ത്തി നോക്കി .. ഇല്ല തുറന്നിട്ടില്ല .. ഇപ്പോഴും അടഞ്ഞു തന്നെ കിടക്കുകയാണ് മോര്‍ച്ചറി യുടെ വാതില്‍ .. തുരുമ്പിച്ചു പകുതിയും മാഞ്ഞു പോയ മോര്‍ച്ചറിയുടെ ബോര്‍ഡ് കാറ്റില്‍ ഇളകി കൊണ്ടിരിന്നു .. അതില്‍ നിന്നും ഭീതി ജനിപ്പിക്കും വിധം ‘ കര കര ‘ ശബ്ദവും ഉയര്‍ന്നു വന്നു ..
ഏതാനും മണിക്കൂര്‍ മുമ്പാണ് ചോരയില്‍ കുളിച്ചു കിടന്ന ആനന്തനെയും കൊണ്ട് നിലവിളിച്ചു പാഞ്ഞൊരു വണ്ടിയില്‍ ഇവിടെ എത്തിയത് .. തല ഉയര്‍ത്തി നില്ക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന കൂറ്റന്‍ കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നും കാല്‍ തെറ്റി വീണതായിരുന്നു അവന്‍ .. താന്‍ ഓടിയെത്തിയപ്പോഴേക്കും ചോര നിലത്തു പടര്‍ന്നോഴുകാന്‍ തുടങ്ങിയിരുന്നു .. ആ മെലിഞ്ഞ ശരീരത്തില്‍ ഇതിനുമാത്രം രക്തമോ എന്ന് സംശയിച്ചു നിക്കവേ വണ്ടി വരികയും ഇവിടെ എത്തി ചേരുകയും ആയിരുന്നു ..
5 വയറുകള്‍ നിറക്കാന്‍ ബീഹാറില്‍ നിന്നും വണ്ടി കയറിയവന്‍ , അവരുടെ സ്വപ്നങ്ങള്‍ക്ക് ചിറകേകാന്‍ വേണ്ടി മാത്രം പണിഞ്ഞവന്‍ , ഉരിയാടാന്‍ ആവാതെ , രക്തം വാര്‍ന്നു ചത്ത് മലച്ചു , തണുത്ത് മരവിച്ചൊരു മുറിയില്‍ ..
മോര്‍ച്ചറിയുടെ വാതില്‍ തുറന്നതും പൊതു സ്മശാനത്തിലേക്കുള്ള ആനന്തിന്റെ അവസാന യാത്ര തുടങ്ങിയതും ഏതാണ്ടൊരേ നേരത്തായിരുന്നു .. വിലാപ യാത്രയോ ആചാര വെടിമുഴക്കങ്ങളോ ഒന്നും ഉണ്ടായില്ല ..
ചിതക്ക് തീ പകര്‍ന്നപ്പോള്‍ , വിശന്നു കരയുന്ന 5 മുഖങ്ങള്‍ അതില്‍ കത്തി അമരുന്നത് അവന്‍ കണ്ടു .