ചൊവ്വ
ജാതകങ്ങള്‍ ചൊവ്വയും ശുക്രനും വ്യാഴവും ഒക്കെ ആയി ജീവിതത്തില്‍ ശനിദശ തീര്‍ത്തപ്പോള്‍ വിവാഹ ആലോചനകള്‍ ജാതകത്തിലെ ചോവ്വയില്‍ തട്ടി വീണു കൊണ്ടിരുന്നപ്പോള്‍ ഒരു ദിവസം അമ്മ വന്നു ചോദിച്ചു
” മോള്‍ക്ക് ആരെയെങ്കിലും ഇഷ്ടമാണോ ? എങ്കില്‍ നമുക്ക് അത് നടത്താം “
വീണയുടെ മനസ്സില്‍ സിനിമാകൊട്ടകയില്‍ തെളിയുന്നതുപോലെ ഒരു പാട് മുഖങ്ങള്‍ തെളിഞ്ഞു വന്നു .. തന്റെ കറുത്ത കണ്ണുകള്‍ ഇഷ്ടമാണെന്നു പറഞ്ഞു വന്ന രമേശ് .. സ്കൂളില്‍ എല്ലാവരുടെയും രോമാഞ്ചമായ സുധി .. കോളേജ് വരാന്തകളില്‍ പ്രണയലെഖനവുമായി പിന്നാലെ നടന്ന രാജേഷ് ..
വീണേ നിന്റെ മാറിടങ്ങള്‍ എന്നെ മാടി വിളിക്കുന്നെന്നു ഒരു വഷളന്‍ ചിരിയോടെ പറഞ്ഞു പോയ കണ്ണന്‍ മാഷ് .. ഹാ അങ്ങനെ എത്ര പേര്‍ !!
ജീവിതത്തില്‍ ഞാന്‍ തിളങ്ങി നിന്ന നേരത്തൊന്നും അമ്മക് ഇങ്ങനെ എന്നോട് ചോദിക്കാന്‍ തോന്നിയില്ല !! അന്നേരം ചോദിച്ചിരുന്നെങ്കില്‍ ഇവരില്‍ ആരുടെയെങ്കിലും ഒരു പേര് താന്‍ പറഞ്ഞേനെ .. പക്ഷെ ജീവിതം 27 ഉം കഴിഞ്ഞു നിക്കുന്ന ഈ നേരത്ത് എന്ത് പ്രണയം ? എന്തിഷ്ടം ?
” അങ്ങനെ ആരും ഇല്ലാ അമ്മാ .. “
ചൊവ്വയും വ്യാഴവും കറങ്ങി കൊണ്ടിരിക്കുകയാണ് , ശനിയുടെ വെള്ളി വലയങ്ങള്‍ പോലെ തനിക് ചുറ്റും .. വീണ വാരഫലം എടുത്ത് ദൂരെ എറിഞ്ഞു .