Blog

ചാപിള്ള

ജീവിതത്തോട് കൊതി തോന്നുന്ന , ഇനിയും ഇനിയും ഒരു പാട് ജീവിതങ്ങള്‍ , ജന്മങ്ങള്‍ ജീവിച്ചു തീര്‍ക്കണമെന്ന് തോന്നണ നാളുകള്‍ ആണ് പ്രണയം .

അത് , ഒരു പനിനീര്‍ പൂവില്‍ വീണു കിടക്കുന്ന മഴ തുള്ളി പോലെ ആണ് .. സുന്ദരം .. നിര്‍മലം . സൂര്യനെ പ്രണയിച്ച താമരയെ പോലെ വൈകുന്നേരങ്ങളില്‍ വലിയ ഒരു നിരാശ തന്നു അത് പലപ്പോഴും മടങ്ങുകയും ചെയ്യും .. വീണ്ടും ഒരു ഉദയത്തിനായി നാം കാത്തിരിക്കും ..

കോളേജ് അവസാനിക്കുകയും ബിരുദ ധാരി എന്ന മേല്‍വിലാസം ഒരു ഭാരമാവുകയും ചെയ്തപ്പോഴാണ് ജോലിക് വേണ്ടിയുള്ള അലച്ചിലിന് ആരംഭം . കോളേജ് പൂട്ടിയോ എന്നതില്‍ നിന്നും എന്തേ ജോലിയൊന്നും ആയില്ലേ എന്ന ചോദ്യം ആത്മാവില്‍ കോരിയിടുന്ന ക്രൂര യാഥാര്‍ത്ഥ്യങ്ങള്‍ !!

പുതിയ നഗരം , ഒട്ടും പരിചയം ഇല്ലാത്ത ഒരു ജോലി .. ജീവിതം വിരസം ആയി കൊണ്ടിരുന്നു .. ഒരു വശത്ത് ഏകാന്തതയുടെ മരുഭൂമികള്‍ ഉണ്ടാവുമ്പോള്‍ ആണ് സ്നേഹത്തിന്റെ മരുപച്ചകള്‍ തേടി നാം അലയുക ..

ഞാനും അലഞ്ഞു .. ഒരു കൂട്ട്, ജീവ വായു പോലെ ദാഹ ജലം പോലെ അത്യാവശ്യം ആയിരുന്നു ..

ഏകാന്തത അത്ര കണ്ടു എന്നെ ശ്വാസം മുട്ടിച്ചു കൊണ്ടിരുന്നു .. ‘ Into The Wild ‘ കണ്ടു ഞാന്‍ വീണ്ടും കരഞ്ഞു .. നശിച്ച ഏകാന്തതയെ പറ്റി കവിതകള്‍ എഴുതി .. ഡയറി കുറിപ്പുകള്‍ ‘ feeling lonely ‘ എന്ന വാചകങ്ങള്‍ കൊണ്ട് നിറഞ്ഞു ..

ശിശിരം വേനലിന് വഴിമാറി .. വേനല്‍ മഴക്കും .. പൊടി ഉയര്‍ത്തി കാറ്റ് വീശിയ ഒരു ഉച്ചയില്‍ കോരി ചൊരിഞ്ഞ മഴ ഓഫീസിന്റെ ജനല്‍ ചില്ലില്‍ വെള്ള പുതപ്പിച്ചു കൊണ്ടിരുന്നപ്പോള്‍ ആണ് അവളെ ഞാന്‍ ആദ്യമായി കാണുന്നത് .. മഴയില്‍ നനഞ്ഞു നീണ്ട കാല്‍ വെപ്പുകളോടെ നടക്കുകയായിരുന്നു അവള്‍ .. ജനലില്‍ മഴ തീര്‍ത്ത വെള്ള പുതപ്പു കൈ കൊണ്ട് നീക്കി ഞാന്‍ അവളെ തന്നെ നോക്കിയിരുന്നു .. നീണ്ട കാല്‍ വെപ്പുകള്‍ എന്റെ ഓഫീസിന്റെ താഴത്തെ നിലയില്‍ അവസാനിക്കുന്നത് വരെ ..

ഏതോ ഒരു വികാരം കാലുകളെ ചലിപിച്ചു.. ഞാന്‍ നടക്കുകയല്ല .. ഓടുകയാണെന്ന് മനസ്സിലാക്കാന്‍ കുറച്ചു നേരം എടുത്തു .. അവള്‍ നനയാതിരിക്കാന്‍ വരാന്തയില്‍ നില്‍ക്കുകയായിരുന്നു .. മഴ ചാറ്റല്‍ അപ്പോഴും അവളെ ചുംബിച്ചു കൊണ്ടിരുന്നു .

മനുഷ്യ ചലനത്തിനൊത്ത് വശങ്ങളിലേക്ക് നിരങ്ങി നീങ്ങിയ ചില്ല് വാതിലും കടന്നു ഞാന്‍  അവളുടെ അടുത്തെത്തി . ” ഇവിടെ നിന്ന് ചാറ്റല്‍ കൊള്ളണ്ട , അകത്തിരിക്കാം ” യാന്ത്രികമായി ഞാന്‍ പറഞ്ഞൊപ്പിച്ചു . സ്വന്തം വീട്ടിലേക്ക് ക്ഷണിക്കുന്നത് പോലെ ഓഫീസിലേക് !!

അവളുടെ കണ്ണില്‍ ഒഴുകി നിറഞ്ഞ അമ്പരപ്പ് സൌഹൃദത്തിന്റെ കാറ്റില്‍ മാഞ്ഞിലാണ്ടാവനുന്നത് ഞാന്‍ കണ്ടു .. അന്നാണ് ഞാന്‍ അവളെ ആദ്യമായി കാണുന്നത് .

കൂടെ കൂടെ ഉള്ള കണ്ടുമുട്ടലുകളും , ഒന്നിച്ചുള്ള സിനിമകളും സൌഹൃദം വളര്‍ത്തി . ചുമലില്‍ ഇരുന്ന കൈ മെല്ലെ താണ് വരാന്‍ തുടങ്ങി .. അരകെട്ടിനു മുകളിലുള്ള ഒരു സ്ഥാനം അത് തിരഞ്ഞെടുത്തു . അരകെട്ടിലൂടെ ചുറ്റിപിടിച്ചു അവളെ നെഞ്ഞിലേക്ക് വലിച്ചിട്ട് മോതിര വിരലില്‍ വജ്രത്തിന്റെ തിളക്കം അണിയിച്ചത് അന്നാണ് ,

കാല്പനികതയെ ഒരു പരിധി വരെ അകറ്റി കുറച്ചു കൂടി പ്രാക്ടികല്‍ ആവാന്‍ ഞാന്‍ ശ്രമിച്ചു . എന്റെ ജോലി തിരക്ക് കൂടി കൂടി വന്നു . കൂടി കാഴ്ചകള്‍ പലപ്പോഴും നീട്ടി വെക്കേണ്ടതായി വന്നു . ചിലപ്പോഴൊക്കെ ഒഴിവാക്കേണ്ടിയും . അവള്‍ പലപ്പോഴും അസ്വസ്ഥയായി നമ്മള്‍ പോയി കൊണ്ടിരിക്കുന്ന ജീവിതത്തെ പറ്റി ജിന്ന് കയറിയ പോലെ സംസാരിച്ചു .. ഞാന്‍ പലപ്പോഴും നിശബ്ദനായി അത് കേട്ടിരുന്നു .. പക്ഷെ എന്റെ ഉള്ളിലും ഒരു അഗ്നി പര്‍വ്വതം പുകയുന്നുണ്ടായിരുന്നു . അതിനെ അവളോടുള്ള സ്നേഹത്തിന്റെ മഞ്ഞു തുള്ളികള്‍ കൊണ്ട് ഞാന്‍ തണുപിച്ചു കൊണ്ടിരുന്നു . ഒരു ദിനം എന്റെ നിശബ്ദത മേഘ നാദം ഉതിര്‍ത്തു !! ഇടി വെട്ടി ; മഴ പെയ്തു !!  അവള്‍ നിശബ്ദയായി !

വേരിലുറയുന്ന വെറുപ്പിലാണെപ്പോഴും പാതി വരളുന്ന പ്രണയം മരിക്കുക്ക !!

Sorry, the comment form is closed at this time.

Share via
Copy link
Powered by Social Snap