ഓട് തോമ
വേനല്‍ അവധി തുടങ്ങിയാല്‍ നാട്ടില്‍ മാങ്ങയുടെ കാലം തുടങ്ങും .. ഉച്ചക്ക് പള്ളിയില്‍ പോകുന്നെന്നും പറഞ്ഞു അസ്സൈനാര്‍ ഇക്കാന്റെ പറമ്പില്‍ പോയി മാങ്ങാ പറിയും തീറ്റയും ആണ് പ്രധാന പണി അന്നൊക്കെ .. സ്കൂള്‍ ഗ്രൌണ്ടിന്റെ അടുത്തുള്ള അളിയാ പറമ്പിലും മാങ്ങയുണ്ട് .. അവിടെ പുളിയും ഉണ്ട് .. ചെറിയ ചില്ലകളില്‍ തൂങ്ങി കിടക്കുന്ന വാളന്‍ പുളികള്‍ .. പഴുത്തു നോക്കി ഞങ്ങള്‍ പിള്ളേര് എറിഞ്ഞിടും .. അവിടെ തന്നെ ആ തണലത്തു ഇരുന്നു മുഴുവനും തിന്നു തീര്‍ക്കും .. ചിലപ്പോ തൂറ്റല് വന്നു കിടക്കും .. മറ്റു ചിലപ്പോ പടച്ചോന്റെ പുണ്യം കൊണ്ട് ഒന്നും സംഭവിക്കില്ലാ
ഒരു വൈകുന്നേരം ആണ് ഞാനും തോമാച്ചനും ശജീര്‍ ഉം സ്കൂളിലെ നെല്ലിക്ക മരത്തിനു മുകളില്‍ കയറുന്നത് .. ഹെഡ് മാസ്റ്റര്‍ ടെ റൂമിന് മുന്നില്‍ ഒരു നെല്ലിക മരമുണ്ട് .. അത് നിറയെ മൂത്ത നെല്ലിക്കകള്‍ സന്ധ്യ സൂര്യന്റെ ഒളിയേറ്റ് ചുവന്നു നിക്കുന്നുണ്ടായിരുന്നു .. ഞാനും ശജീര്‍ ഉം അടുത്തടുത്ത മരങ്ങളില്‍ സ്ഥാനം ഉറപ്പിച്ചപ്പോ തോമാച്ചന് മേച്ചില്‍ ഓടിനു മുകളിലൂടെ അടുത്ത പുളി മരത്തിലേക്ക് പോകാന്‍ ഒരു വിഫല ശ്രമം നടത്തി ..
ഡാമ്മാര് പടാര്‍ .. ” എന്റമ്മച്ചീ”
.. ശബ്ദം കേട്ട് തിരിഞ്ഞു നോക്കുമ്പോ തോമാച്ചന് താഴെ .. കൂടെ ചിതറി തെറിച്ചു കുറെ ഓടുകളും !! പക്ഷെ അപ്പോഴും കൈ വിടാതെ രണ്ടു വാളന്‍ പുളികള്‍ അവന് അടക്കി പിടിച്ചിരുന്നു ..
ഓടുകള്‍ അവന്റെ ചിലവില്‍ തന്നെ മാറ്റി സ്ഥാപിക്കപെട്ടു .. ഞാനും ശജീരും കുറെ ഓടു ചുമന്നത് മിച്ചം !! പക്ഷെ അന്ന് മുതല്‍ ഒരു സുന്ദര നാമം അവനെയും തേടിയെത്തി
” ഓടു തോമ “